ടൈം ട്രാവൽ' എന്നും നമുക്കിടയിൽ ഒരു ചൂടേറിയ ചർച്ചയാണ്.ഈ വിഷയം നമുക്ക് ഒരു 2 ,3 ആർട്ടിക്കിൾ ആയിട്ട് ചെയ്യാം.ഇന്ന് നമ്മൾ ടൈം ട്രാവൽ എന്നത് എന്താണെന്നും ,കൂടാതെ സ്പേസ്-ടൈം എന്താണെന്നും അതുവഴി ടൈം ഡൈലേഷൻ എന്ന പ്രതിഭാസത്തെക്കുറിച്ചും ,വേഗത ടൈം ഡൈലേഷനെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യാൻ പോകുന്നത്.ഇത്തരം പുതിയ വാക്കുകൾ ആദ്യമായി കേൾക്കുന്നവർക്കും കൂടാതെ ഇവയെക്കുറിച്ച് അറിയുന്നവർക്കും ഒരുപോലെ മനസ്സിലാകുന്നവിധത്തിൽ ലളിതവും കൃത്യമായുമാണ് പറയുന്നത്.
Watch full video about Time travel (Part 1)
ആദ്യം ടൈം ട്രാവൽ എന്നത്കൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാം.കാരണം ഈ ഒരു വിഷയം നമുക്ക് പല രീതിയിൽ പറയാൻ സാധിക്കും.അതുകൊണ്ട് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്,നമുക്ക് സമയത്തിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നതിനെയാണ്.അതായത്, സമയം എന്നത് നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതല്ല .അത് മുൻപോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.ഒരു കൃത്യമായ വേഗത്തിൽ മുമ്പോട്ട് പോകുന്ന സമയത്തെ മറികടന്നുകൊണ്ട് നമുക്ക് ഭാവിയിലേക്കോ ,ഭൂതകാലത്തിലേക്കോ സഞ്ചരിക്കാൻ സാധിക്കുകയില്ല.ഇങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ സമയത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം.എന്നാൽ ഈ സങ്കൽപ്പത്തെ മറികടന്നുകൊണ്ട് സമയത്തിലൂടെ സഞ്ചരിച്ച് ഭൂതകാലത്തിലേക്കോ ഭാവിയിലേക്കോ പോകാൻ കഴിയുന്നതിന്നെയാണ് ഞാൻ ഇവിടെ ടൈം ട്രാവൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.
ഇത്തരത്തിൽ ആദ്യകാലങ്ങളിലെ സമയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ ടൈം ട്രാവലും ഒരു ഫിക്ഷൻ മാത്രമായിരുന്നു.എന്നാൽ ഒരു 100 വർഷങ്ങൾക്ക് മുൻപ് ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്ഞൻ തൻറെ ഒരു പ്രധാനപ്പെട്ട സിദ്ധാന്തം പുറത്തിറക്കുകയുണ്ടായി.അതിൽ ശാസ്ത്രത്തിന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കുകയും പുതിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉടലെടുക്കുകയും ചെയ്തു.സമയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ,സമയം ഒരു മായയാണെന്നായിരുന്നു.ഓരോ ആളുകൾക്കും അനുഭവപ്പെടുന്ന സമയം വ്യത്യസ്തമാണ് എന്ന് അദ്ദേഹത്തിന്റെ സിദ്ധാന്തം വ്യക്തമാക്കുന്നു .ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.അതിനായി ആദ്യം സ്പേസ്-ടൈം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം.
സ്പേസ് എന്ന് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.അതുപോലെ ടൈം എന്നും നമ്മൾ ധാരാളമായി കേട്ടിരിക്കുന്നു.നമ്മുടെ നിത്യ ജീവിതത്തിൽ സമയത്തെക്കുറിച്ച് സംസാരിക്കാത്ത ദിനങ്ങളുണ്ടാകില്ല. എന്നാൽ യഥാർത്ഥത്തിൽ സമയം എന്താണെന്ന് ശാസ്ത്രലോകം ഇന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്.തൽക്കാലം സമയം എന്നത് പഴക്കം മനസ്സിലാക്കാനുള്ള ഒരു വഴിയായ് പറയാം.ഇനി സ്പേസ് എന്നത്കൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് ,അല്ലെങ്കിൽ സ്പേസിൽ ഒരു വസ്തുവിന്റെ സ്ഥാനം മനസ്സിലാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
നമ്മളെല്ലാവരും ഭൂമിയ്ക്കുള്ളിലെ വിവിധ സ്പേസുകളിലാണ് കാണപ്പെടുന്നത്.അതുകൂടാതെ ശൂന്യാകാശം എന്ന് നമ്മൾ വിളിക്കുന്നിടത്ത് യഥാർത്ഥത്തിൽ ശൂന്യതയല്ല,മറിച്ച് കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റു പൊടിപടലങ്ങളുമെല്ലാമാണ്.ഇങ്ങനെ നമുക്കും,അല്ലെങ്കിൽ ഇപ്പോൾ പറഞ്ഞ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമെല്ലാംതന്നെ ഒരു സ്പേസിൽ നിന്നും മറ്റൊരു സ്പേസിലേക്ക് നീങ്ങാം. ഇത്തരത്തിൽ നമ്മൾ നീങ്ങുമ്പോൾ നമ്മുടെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കാനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് കോർഡിനേറ്റ് സിസ്റ്റം.
ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം. x,y,z എന്ന 3 ആക്സിസ് ആണ് ഇവിടെ സ്ഥാനം മനസ്സിലാക്കാനുപയോഗിക്കുന്നത്.3 ആക്സിസും പരസ്പരം 90° ആണ്. സ്ഥാനം മനസ്സിലാക്കേണ്ട വസ്തുവിൽ നിന്നും x,y,z എന്നീ ആക്സിസുകളിലേക്കുള്ള ദൂരം കണക്കിലെടുത്താൽ ആ സ്പേസിലെ വസ്തുവിന്റെ സ്ഥാനം നമുക്ക് മനസ്സിലാക്കാം.ഇത്തരത്തിൽ x,y,z എന്ന ഈ ആക്സിസ് നമുക്ക് എവിടെയും പരിഗണിക്കാം.
ഉദാഹരണത്തിന് നമുക്ക് ഒരു ആപ്പിൾ നിൽക്കുന്ന സ്ഥാനം കണ്ടുപിടിക്കണം എന്ന് കരുതുക.അങ്ങനെയെങ്കിൽ ഒരു പ്രത്യേക സ്ഥലത്ത് നിന്നും ഈ ആപ്പിൾ എത്ര ദൂരം അകലെയാണെന്ന് നമുക്ക് പറയാൻ സാധിക്കും.അതായത്, ആപ്പിൾ ഉള്ള മുറിയുടെ ചുമരിന്റെ ഒരു മൂല പരിഗണിക്കുക.അവിടെ നിന്നും ഈ ആപ്പിൾ എത്ര ദൂരം അകലെയാണ് എന്ന് മനസ്സിലാക്കാൻ നമുക്ക് ആ മൂലയെ x,y,z എന്നീ ആക്സിസുകൾ ആയി പരിഗണിച്ചാൽ മതി ( ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ, മൂലയുടെ മുകളിലേക്ക് പോകുന്ന ഭാഗത്തെ ഞാൻ z ആക്സിസ് ആയും , വലത് ഭാഗത്തേക്ക് പോകുന്നതിനെ x ആക്സിസ് ആയും ,ഇടത് ഭാഗത്തേക്ക് പോകുന്നതിനെ y ആക്സിസ് ആയും പരിഗണിക്കുന്നു. ).
![]() |
Time Travel Part-1 (Velocity effect) |
ഇത്തരത്തിൽ ആക്സിസുകളെ നമുക്ക് ഏതൊരു സ്ഥലത്തും പരിഗണിക്കാം.ഇങ്ങനെയാണ് സ്പേസിൽ ഒരു വസ്തുവിന്റെ സ്ഥാനം മനസ്സിലാക്കുന്നത്.ഇവിടെ 3 ആക്സിസ് മാത്രം മതി നമുക്ക് ഒരു വസ്തുവിന്റെ സ്ഥാനം മനസ്സിലാക്കാൻ.അതുകൊണ്ടാണ് നമ്മൾ മൂന്നാം മാനത്തിൽ അഥവാ 3 Dimensional (3D) world ഇൽ ജീവിക്കുന്നു എന്ന് പറയുതുന്നത്.ഇത്തരത്തിൽ ഈ പ്രപഞ്ചം 3D world ആണെന്ന് നമ്മൾ കരുതുമ്പോഴാണ് ഐൻസ്റ്റീൻ തന്റെ സിദ്ധാന്തങ്ങളുമായി കടന്നുവരുന്നത്.അതായത്,നമ്മൾ ഇപ്പോൾ സ്പേസ് എന്താണെന്നും ടൈം എന്താണെന്നും പറഞ്ഞു.എന്നാൽ ഇവ, രണ്ടു കാര്യങ്ങളല്ല എന്നും , ഇവ ഒരു നാണയത്തിന്റെ ഇരു വശങ്ങലാണ് എന്നുമാണ് അദ്ദേഹം തന്റെ സിദ്ധാന്തങ്ങളിലൂടെ വ്യക്തമാക്കുന്നത്.ഇതെങ്ങനെയാണ് എന്ന് നോക്കാം.അതായത് നമ്മൾ നേരത്തെ പറഞ്ഞ 3 ആക്സിസുകളെയും സ്പേസ് എന്ന ഒറ്റ ആക്സിസ് ആയി പരിഗണിക്കാം. കൂടാതെ ഇവിടെ ടൈം എന്ന മറ്റൊരു ആക്സിസ് കൂടെ കടന്നുവരുന്നു.
![]() |
Time Travel Part-1 (Velocity effect) |
അതായത് മൊത്തം x,y,z കൂടാതെ ടൈം എന്ന ആക്സിസും വന്നു .അപ്പോൾ 4 ആക്സിസ് ആയി.ഇതിനെയാണ് 4D അഥവാ നാലാംമാനം കൂടാതെ സ്പേസ്-ടൈം എന്നെല്ലാം വിളിക്കുന്നത്.ഇവിടെത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ് ടൈം ഡയലേഷൻ (Time dilation) എന്ന പ്രതിഭാസം. അതായത് , നമ്മൾ സമയത്തിലൂടെ കൂടുതൽ സഞ്ചരിച്ചാൽ ,സ്പേസിലൂടെയുള്ള സഞ്ചാരം കുറയും.അതുപോലെ സ്പേസിലൂടെയുള്ള സഞ്ചാരം കൂടിയാൽ ,സമയത്തിലൂടെയുള്ള സഞ്ചാരം കുറയുകയും ചെയ്യുന്നു.ഇത്തരത്തിൽ സമയത്തിലൂടെയുള്ള സഞ്ചാരം കുറയുന്നതിനെ വിളിക്കുന്ന പേരാണ് ടൈം ഡയലേഷൻ .ഉദാഹരണത്തിന് ,A എന്നും B എന്നും പേരുള്ള രണ്ടുപേർ ഉണ്ടെന്നു വിചാരിക്കുക. ഇവർ ഇരട്ടകളാണ്.ഇപ്പോൾ ഇവർക്ക് 20 വയസ്സാണെന്നു കരുതുക. .അതിൽ ഒരാൾ സ്പേസിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ പോകുന്നു..അതായത് പ്രകാശത്തിനോടടുത്ത വേഗത്തിൽ ഒരുപാട് ദൂരമുള്ള ഒരു ബഹിരാകാശ യാത്ര. എന്നാൽ ഇയാളുടെ ഇരട്ട സഹോദരൻ ഭൂമിയിൽത്തന്നെ കഴിയുന്നു.ശേഷം ബഹിരാകാശ യാത്ര നടത്തിയ സഹോദരൻ ഭൂമിയിലേക്ക് തിരിച്ച് വരുമ്പോൾ അദ്ദേഹം കരുതുന്നത് താൻ 5 വർഷത്തെ യാത്ര കഴിഞ്ഞ് വരുകയാണ് എന്നാണ്.എന്നാൽ ഭൂമിയിൽ എത്തിയപ്പോൾ അദ്ദേഹം കാണുന്ന കാഴ്ച ,ഭൂമി ഒരുപാട് മാറുകയും , തന്റെ ഭൂമിയിലുള്ള ഇരട്ട സഹോദരന് തന്നെക്കാൾ വളരെയധികം പ്രായമാവുകയും ചെയ്തു എന്നതാണ്.അതായത് ഭൂമിയിലുള്ള സഹോദരന് ഏകദേശം 65 വയസ്സ് പ്രായവും എന്നാൽ ബഹിരാകാശയാത്ര നടത്തി തിരിച്ചുവന്ന സഹോദരന് 25 വയസ്സും മാത്രമാണ്.ഇതിനെ ട്വിൻ പാരഡോക്സ് (Twin Paradox ) എന്ന് വിളിക്കുന്നു.ഈ പ്രതിഭാസം സംഭവിക്കാൻ കാരണം ടൈം ഡയലേഷനാണ്. കാരണം ബഹിരാകാശയാത്ര നടത്തിയ ആൾ പ്രകാശ വേഗത്തിൽ സഞ്ചരിച്ചത്കൊണ്ട് അദ്ദേഹത്തിന്റെ സ്പേസിലൂടെയുള്ള യാത്ര കൂടുകയും സമയത്തിലൂടെയുള്ള യാത്ര കുറയുകയും ചെയ്തു.എന്നുവച്ചാൽ അയാൾക് വളരെ പതിയെ മാത്രം പ്രായമാകുന്നു എന്നർത്ഥം.
ഈ പ്രതിഭാസം ഇന്റസ്റ്റെല്ലാർ എന്ന സിനിമയിൽ കാണിക്കുന്നുണ്ട്.
അതായത് നായകൻ തന്റെ മകൾ കുട്ടിയായിരിക്കുമ്പോൾ ഒരു സ്പേസ് യാത്ര നടത്തുകയും ,പിന്നീട് ഭൂമിയിലേക്ക് തിരിച്ച് വരുമ്പോൾ,തന്റെ മകൾ തന്നെക്കാൾ പ്രായമാവുകയും (മുത്തശ്ശിയായി) ചെയ്യുന്നു.ഇതിന്റെ കാരണം ടൈം ഡയലേഷനാണ്.ഗ്രാവിറ്റിയുടെ ഒരു കാര്യവും ഇവിടെ പരിഗണിക്കേണ്ടതുണ്ട്.അത് നമുക്ക് അടുത്ത ബ്ലോഗിൽ പറയാം.
ഇവിടെ നമ്മൾ velocity യുടെ അഥവാ വേഗതയുടെ കാര്യമാണ് പറയുന്നത്. ടൈം ഡയലേഷൻ സംഭവിക്കാൻ സ്പേസിലൂടെയുള്ള യാത്ര കൂടണം എന്ന് നമ്മൾ പറഞ്ഞു.അതായത് നമ്മൾ വളരെ വേഗത്തിൽ സഞ്ചരിക്കണമെന്നർത്ഥം.അപ്പോൾ നമ്മൾ ചിന്തിക്കുന്നത്,നമ്മൾ വേഗത്തിൽ സഞ്ചരിക്കുന്ന കാറിലോ മറ്റു വാഹനങ്ങളിലോ കയറി യാത്ര നടത്തിയാൽപോരെ എന്നാകും.എന്നാൽ ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം ,ടൈം ട്രാവൽ ചെയ്യാൻ അല്ലെങ്കിൽ ടൈം ഡയലേഷൻ സംഭവിക്കാൻ ,പ്രകാശത്തിനോടടുത്ത വേഗത്തിൽ സഞ്ചരിക്കണം എന്നുള്ളതാണ്.ഇന്ന് മനുഷ്യൻ നിർമിച്ച് ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം നാസയുടെ സൂര്യനിലേക്ക് വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് എന്ന പേടകമാണ്.അതിന്റെ വേഗത സെക്കൻഡിൽ 200 കി.മി വരെയാണ്.എന്നാൽ പ്രകാശത്തിന്റെ വേഗതയായി ഇതിനെ താരതമ്യപ്പെടുത്തിയാൽ ,ഇതിന്റെ വേഗത വളരെ വളരെ ചെറുതാണ്.കാരണം പ്രകാശം സഞ്ചരിക്കുന്ന വേഗത സെക്കൻഡിൽ 3 ലക്ഷം കി.മി ആണ്.അങ്ങനെ ചിന്തിക്കുമ്പോൾ ഭൂമിയിൽ നമ്മുടെ വാഹനങ്ങളുടെയെല്ലാം വേഗത എത്രമാത്രം ചെറുതാണെന്ന് മനസ്സിലായോ.ഇതുകാരണം സ്പേസിലൂടെയുള്ള നമ്മുടെ സഞ്ചാരത്തിന് കാര്യമായ മാറ്റം സംഭവിക്കുന്നില്ല.അതുകൊണ്ട് തന്നെ സമയത്തിലൂടെയുള്ള സഞ്ചാരത്തിനും കാര്യമായ മാറ്റം സംഭവിക്കുന്നില്ല.അതുകൊണ്ടാണ് നമുക്ക് ടൈം ഡയലേഷൻ അനുഭവപ്പെടാത്തത്.വേഗത, ടൈംട്രാവലുമായി ഇത്തരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്.
പ്രകാശത്തിനോടടുത്ത വേഗത്തിൽ സഞ്ചരിക്കാൻ നമുക്ക് പറ്റുമോ എന്നുള്ള കാര്യം ഇന്നും ചർച്ചാവിഷയമാണ്.കാരണം അത്തരത്തിലുള്ള വാഹനങ്ങൾ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും കൂടാതെ ഇത്രയും വേഗത്തിൽ സഞ്ചരിക്കുമ്പോൾ നമുക്ക് സംഭവിക്കാവുന്ന ശാരീരികാവും മാനസികമായുമുള്ള വെല്ലുവിളികളും മറ്റും ഒരു വിഭാഗം ആളുകളെ ടൈം ട്രാവൽ സാധ്യമല്ല എന്നുള്ള നിരീക്ഷണത്തിലേക്കെത്തിക്കുന്നു.എന്നാൽ ഐൻസ്റ്റീൻന്റെ സിദ്ധാന്തം പ്രകാരം ഇതിന്റെ പലതരത്തിലുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റൊരു വിഭാഗം ആളുകൾ ടൈം ട്രാവലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് .ഭാവിയിൽ ടൈംട്രാവലിനെക്കുറിച്ച് ചരിത്രം എന്താണ് വിധിയെഴുതാൻപോകുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം.
0 Comments