![]() |
Flat Earth Model The Flat Earth Society in the Globe |
ഞാൻ പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ വാക്കുകളാണ് മുകളിൽ നിങ്ങൾ വായിച്ചത്.ഒരു തമാശക്ക് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത് എന്ന് വിചാരിക്കുന്നെങ്കിൽ നിങ്ങൾക്ക് തെറ്റി.പരന്ന ഭൂമി എന്ന സിദ്ധാന്തത്തിൽ (Flat Earth theory) വിശ്വസിക്കുന്ന ആളുകളാണ് ഇങ്ങനെ ചിന്തിക്കുന്നത്.അവർക്ക് ഭൂമി ഉരുണ്ടതാണെന്നുള്ള കാര്യം വിശ്വസിനീയമല്ല.എങ്ങനെയെന്നാൽ , നിങ്ങളോടു ഭൂമി പരന്നിട്ടാണ് എന്ന് വിശ്വസിക്കാൻ പറഞ്ഞാൽ വിശ്വസിനീയമല്ലാത്തത്പോലെയാണ് അവർക്ക് ഉരുണ്ട ഭൂമിയുടെ കാര്യവും.
ഇന്നും ഭൂമി പരന്നിട്ടാണ് എന്ന് വിശ്വസിക്കുന്ന ആളുകളുണ്ടെന്നുള്ളത് അത്ഭുതകരമാണ്.എന്താണ് ഈ സിദ്ധാന്തത്തിൽ പറയുന്നത് എന്ന് വളരെ ചുരുക്കത്തിൽ മനസ്സിലാക്കാം.
ഭൂമി പരന്ന് ഒരു ഡിസ്ക് (Disc) രൂപത്തിലാണ്.അതിന്റെ കേന്ദ്രഭാഗത്തായി വടക്ക് (North pole) സ്ഥിതിചെയ്യുന്നു.ഡിസ്ക് രൂപത്തിലായതിനാൽ അതിന് ഒരു അതിരുണ്ട്.ആ അതിര് മഞ്ഞുകൊണ്ടുള്ള മതിലുകളാൽ മൂടപ്പെട്ടതാണ്.ഇതുവരെ ആരുംതന്നെ ഈ അതിരുകടന്നു പോയിട്ടില്ല.ഇതുകൂടാതെ അതിരിനെപ്പറ്റി വേറെയും സിദ്ധാന്തങ്ങൾ പറയുന്നുണ്ട്. ഈ ഡിസ്ക്കിനെ മൂടുന്ന ഒരു കവചമുണ്ട്,അതിനെയാണ് ഡോം (Dome) എന്ന് പറയുന്നത്.ഏകദേശം നമ്മൾ അന്തരീക്ഷം എന്ന് പറയുന്ന ഭാഗത്തെ സൂചിപ്പിക്കുന്നതാണ് ഈ ഡോം.എന്നാൽ ഡോമിന്റെ ഉള്ളിലാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം.അതായത് ഏറ്റവും വലുത് ഈ പരന്ന് കിടക്കുന്ന ഭൂമിയും ,അതിനുള്ളിലാണ് നമ്മൾ കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സികളുമെല്ലാം. സൂര്യനും ചന്ദ്രനും ഒരേ വലിപ്പമാണുള്ളത് (51 km diameter ).അവ ഭൂമിയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പരസ്പരം കറങ്ങുന്നതിന്റെ ഫലമായാണ് ദിനരാത്രങ്ങളുണ്ടാകുന്നത്.
ഇത്തരത്തിലുള്ള സിദ്ധാന്തങ്ങളാണ് പരന്ന ഭൂമിയെ പിന്തുണയ്ക്കുന്ന ആളുകൾ പ്രചരിപ്പിക്കുന്നത്.മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവർ ഗുരുത്വാകർഷണബലത്തിൽ വിശ്വസിക്കുന്നില്ല എന്നുള്ളതാണ്.
ആദ്യകാലങ്ങളിൽ നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നത് ഭൂമി പരന്നിട്ടാണ് എന്നാണ്.കാരണം അവർ നേരിൽ കാണുന്ന വസ്തുതകളും പിന്നീട് മത ഗ്രന്ധങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും കൂട്ടിച്ചേർത്താണ് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത്.എന്നാൽ കാലം കഴിയുംതോറും കൂടുതൽ കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനനുസരിച്ച് മാറ്റങ്ങൾ വന്നുതുടങ്ങി. നാലാം നൂറ്റാണ്ടിൽ പ്ലാറ്റോ ഭൂമി ഉരുണ്ടതാണ് എന്നതിനെക്കുറിച്ച് എഴുതുകയുണ്ടായി.തുടർന്ന് അരിസ്റ്റോട്ടിൽ അതിനുള്ള തെളിവുകളും കണ്ടെത്തുകയുണ്ടായി.പിന്നീടങ്ങോട്ടാണ് ആളുകൾ കെട്ടുകഥകളുടെ വേലിപൊട്ടിച്ച് യാഥാർഥ്യം മനസ്സിലാക്കാൻ തുടങ്ങിയത്.എന്നാൽ ഇന്നും ഇത്തരത്തിൽ ചിന്തിക്കുന്നവരുണ്ടെന്നുള്ള സത്യം നമ്മൾ മനസ്സിലാക്കണം.1956 ൽ സാമുവേൽ ഷെൻടോനാണു ആദ്യമായ് അന്താരാഷ്ട്ര തലത്തിൽ പരന്ന ഭൂമിയെക്കുറിച്ച് റിസർച്ച് നടത്താൻ വേണ്ടി ഒരു സംഘടന തുടങ്ങുന്നത്.International Flat Earth Research Society (IFERS) എന്നാണ് അതിന്റെ പേര്.ഭൂമിയിൽ സംഭവിക്കുന്ന ചില പ്രതിഭാസങ്ങൾ, പരന്ന ഭൂമിക്കാർ എങ്ങനെയാണ് വ്യാഖ്യാനിച്ചെടുക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇവരുടെ വെബ് സൈറ്റിൽ കയറി നോക്കാം.
ഇത്തരത്തിലുള്ള ആളുകൾ കൂടുതലുള്ളത് അമേരിക്കയിലും ബ്രിട്ടനിലും മാത്രമല്ല ഇന്ത്യയിലും എന്തിനേറെ പറയുന്നു, സാക്ഷരതയിൽ മുന്നിലുള്ള നമ്മുടെ കേരളത്തിൽ തന്നെയുണ്ട്.
ഒരുപക്ഷെ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് ഇതെല്ലാം ശരിയായിക്കൂടെ എന്നാണെങ്കിൽ അത് തെറ്റാണ്.കാരണം ഭൂമി പരന്നു എന്ന് പറയുന്നതിന് വെറും സിദ്ധാന്തങ്ങളും കൂടാതെ അതിനെ സാധൂകരിക്കാൻ വേണ്ടി നിർമിച്ച കുറച്ച് മോഡലുകളും മാത്രമാണുള്ളത്. ഇതുവരെ ആർക്കും ഭൂമി പരന്നതാണ് എന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ സാധിച്ചിട്ടില്ല.കാരണം ഭൂമി പരന്നിട്ടല്ല എന്നതുകൊണ്ട് തന്നെയാണ് .ഇനി എന്തുകൊണ്ടാണ് നമ്മൾ ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കുന്നത് എന്ന് ചോദിച്ചാൽ,അതിനു ഒരുപാട് തെളിവുകളുണ്ട്.ഇന്ന് പല ബഹിരാകാശയാത്രകളും നടക്കുന്നുണ്ട്.അതിന്റെ ചിത്രങ്ങളും വിഡിയോകളും ലൈവ് ആയി വരുന്നതുമെല്ലാം നമുക്ക് കാണാം.മനുഷ്യൻ ഇന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.ഭൂമിയിൽ നിന്നുതുടങ്ങി ചന്ദ്രനിലും,ഇപ്പോളിതാ ചൊവ്വയിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം.
ഒരുപക്ഷെ ഇത് പരന്ന ഭൂമിക്കാർ പറയുന്നത് പോലെ എഡിറ്റ് ചെയ്യപ്പെട്ടതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് എന്ന് കരുതുന്നവർക്കുവേണ്ടി മറ്റു ചില വസ്തുതകൾ നോക്കാം.നമ്മൾ നേരിൽ കണ്ടുകൊണ്ടിരിക്കുന്ന വേലിയേറ്റം വേലിയിറക്കം ,ഇതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചു നോക്കൂ.ഒരു പരന്ന ഭൂമിയുടെ സിദ്ധാന്തപ്രകാരം ഇതിന്റെ സാധ്യതയും പരിശോധിച്ചുനോക്കു..അവിടെത്തന്നെ ഭൂമിയുടെ ഉരുണ്ടരൂപം വ്യക്തമാണ്. വേലിയേറ്റവും വേലിയിറക്കവും എങ്ങനെ സംഭവിക്കുന്നു എന്ന് അറിയാത്തവർക്ക് മറ്റൊരു ബ്ലോഗിൽ അതിനെക്കുറിച്ച് പറഞ്ഞുതരാം.ഇനി മറ്റൊന്ന് നോക്കാം,ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴലാണ് ചന്ദ്രനിൽ പതിക്കുന്നത്.അങ്ങനെയെങ്കിൽ ഭൂമി ഉരുണ്ടതാണെങ്കിൽ മാത്രമാണ് നമുക്ക് അത്തരത്തിൽ കാണാൻ സാധിക്കുന്നത്.പരന്ന ഭൂമിയുടെ നിഴൽ വ്യത്യസ്തമാണ്.എന്നാൽ ആ പരപ്പല്ല നമുക്ക് കിട്ടുന്ന നിഴലിൽ എന്നത് വളരെ വ്യക്തമാണ്.മറ്റൊരു പ്രധാനപ്പെട്ട തെളിവ് നോക്കാം.
ഉത്തരദ്രുവത്തിൽ (North pole) പോയാൽ നമ്മുടെ തലയ്ക്ക് നേരെ മുകളിലായി പൊളാരിസ് (Polaris) എന്ന നക്ഷത്രത്തെ കാണാം.എന്നാൽ നമ്മൾ ദക്ഷിണദ്രുവത്തിലേക്ക് (South pole) വരുന്നതിനനുസരിച്ച് പൊളാരിസിന്റെ മാറ്റം ശ്രദ്ധിക്കുക.ഏകദേശം ഭൂമധ്യരേഖയിലെത്തുമ്പോൾ (Equator ) ഈ നക്ഷത്രം ചക്രവാളത്തിന്റെ (Horizon) അടുത്തെത്തുകയും,നമ്മൾ ഭൂമധ്യരേഖ കഴിഞ്ഞ് ദക്ഷിണദ്രുവത്തിലേക്കെത്തുമ്പോൾ അത് കാണാതാവുകയും ചെയ്യുന്നു.ഇതിന്റെ കാരണം ഭൂമി ഉരുണ്ടതായത്കൊണ്ടാണ്.
ഇത്തരം ചെറിയ കാര്യങ്ങൾക്കൊണ്ടുതന്നെ നമുക്ക് ഭൂമിയുടെ ആകൃതി മനസ്സിലാകും . ട്രിഗണോമെട്രി (Trigonometry) ഉപയോഗിച്ചും ഉരുണ്ടഭൂമിയെ ലളിതമായ് മനസ്സിലാക്കാം.
ഇതുകൂടാതെ നമ്മൾ നേരത്തെ പറഞ്ഞതുപോലെ ബഹിരാകാശത്തുവച്ച് എടുത്ത ചിത്രങ്ങളും വിഡിയോകളും വലിയ തെളിവുകളാണ്.
![]() |
The Flat Earth Society in the Globe |
ഇത് വായിക്കുന്നവരിൽ ആരെങ്കിലും പരന്ന ഭൂമിയുടെ സിദ്ധാന്തത്തിലാണ് വിശ്വസിക്കുന്നതെങ്കിൽ, നിങ്ങൾ മാറ്റിചിന്തിക്കേണ്ടിയിരിക്കുന്നു.യാഥാർഥ്യം മനസ്സിലാക്കുവാനും കൂടുതൽ കാര്യങ്ങൾ പഠിക്കുവാനും ശ്രമിക്കുക.നൂതന ചിന്തകളെ സയൻസ് എന്നും ഇരുകൈയുംനീട്ടി സ്വീകരിക്കും.എന്നാൽ, അത് ശരിയാണെന്നും അതിൽ വിശ്വസിക്കാമെന്നും സയൻസിന് തീരുമാനിക്കണമെങ്കിൽ ,അതിനു പിന്നിൽ വ്യക്തമായ തെളിവുകളും മറ്റു പരീക്ഷണ നിരീക്ഷണ പാഠങ്ങളും വേണം.
Watch Full video
The Flat Earth Society in the Globe
2 Comments
Nice content
ReplyDeletetnku😍
Delete