ഒരിക്കൽപോലും വാനനിരീക്ഷണം നടത്താത്തവരായിട്ട് ആരുംതന്നെ കാണില്ല .രാത്രിയിൽ ആകാശത്ത് തെളിഞ്ഞുകാണുന്ന നക്ഷത്രങ്ങളും വെട്ടിത്തിളങ്ങുന്ന ചന്ദ്രനേയും എത്രനോക്കിയാലും മതിവരില്ല.
ഇന്ന് നമുക്ക് വാനനിരീക്ഷണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ചില സംശയങ്ങളും നോക്കാം.നിങ്ങളുടെ സംശയങ്ങൾ കമന്റായോ പേഴ്‌സണലായോ ചോദിക്കാവുന്നതാണ്.
പൂർണ്ണചന്ദ്രനെ കാണാൻ ഒരു പ്രത്യേക ഭംഗിതന്നെയാണ് .പക്ഷെ അന്ന് നമുക്ക് മറ്റു നക്ഷത്രങ്ങളെ കാണാൻ പ്രയാസമാണ്.കാരണം ചന്ദ്രൻറെ പ്രകാശം കാരണം നമുക്ക് ചെറിയ തിളക്കമുള്ള ഈ നക്ഷത്രങ്ങളെ കാണാൻ സാധിക്കുന്നില്ല.എന്നാൽ ചില ഗ്രഹങ്ങളെയും ,നല്ല തിളക്കമുള്ള നക്ഷത്രങ്ങളെയും കാണാം.ചന്ദ്രനില്ലാത്ത ദിവസങ്ങളിലോ അല്ലെങ്കിൽ നിലാവ് കുറവുള്ള ദിവസങ്ങളിലാണ് ( phases of moon /Waxing and waning of moon ) നക്ഷത്രങ്ങളെ നിരീക്ഷിക്കാൻ ഏറ്റവും ഉചിതം.അതുമാത്രമല്ല ലൈറ്റ് പൊലൂഷൻ (light pollution ) കുറവുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതലായിട്ട് നക്ഷത്രങ്ങളെ കാണുക.അതായത് വെളിച്ചം കുറവുള്ള സ്ഥലങ്ങൾ.തെരുവ് വിളക്കുകളില്ലാത്ത (street lights ) സ്ഥലങ്ങളിൽ വെളിച്ചം കുറവായിരിക്കും,അത്തരം സ്ഥലങ്ങളിൽ വാനം നിരീക്ഷിക്കുവാനും അവയുടെ ഫോട്ടോസ് എടുക്കുവാനും (Astrophotography) ഏറ്റവും അനുയോജ്യമാണ് .എന്നാൽ നമുക്ക് വീടുകളിൽ നിന്നും തന്നെ വാനനിരീക്ഷണം ആരംഭിക്കാൻ സാധിക്കും.വീടുകളിൽ ലൈറ്റ് ഓഫ് ചെയ്യുന്ന സമയം തിരഞ്ഞെടുത്താൽ കൂടുതൽ നല്ലത്.അതുപോലെ ടെറസ് ഉള്ള വീടാണെങ്കിൽ അവിടെയാണ് ഏറ്റവും നന്നായിട്ട് ആകാശക്കാഴ്ച കാണാൻ സാധിക്കുക.
![]() |
A guide for stargazing |
വാനനിരീക്ഷണത്തിന് ടെലസ്കോപ്പ് അല്ലെങ്കിൽ ബൈനോക്കുലർ നിർബന്ധമാണോ?
ഉത്തരം അല്ല എന്നാണ് .കാരണം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഒരുപാട് കാണാനുണ്ട്.നഗ്നനേത്രങ്ങൾകൊണ്ട് നോക്കുന്നതിനേക്കാൾ കാഴ്ച മണ്ഡലം (Field of view ) കുറവാണ് ഒരു ബൈനോക്കുലർകൊണ്ട് നോക്കുമ്പോൾ കിട്ടുന്നത്.അതിനേക്കാൾ കുറവാണ് ടെലസ്കോപ്പ്കൊണ്ട് നോക്കുമ്പോൾ കിട്ടുന്നത്.എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ ഒരുപാട് ദൂരെയുള്ള വസ്തുക്കളെ അടുത്തായി കാണാം.എങ്കിലും തുടക്കക്കാരെ സംബന്ധിച്ച് ആദ്യം ആകാശക്കാഴ്ചകൾ നഗ്നനേത്രങ്ങളുപയോഗിച്ച് കാണുന്നതാണ് നല്ലത് .ചന്ദ്രന്റെയും ഗ്രഹങ്ങളുടേയുമെല്ലാം ചലനങ്ങൾ മനസ്സിലാക്കിവെയ്ക്കുക ,ഉദയാസ്തമയങ്ങൾ ,അതിനെടുക്കുന്ന സമയം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് നഗ്നനേത്രങ്ങളാൽ മനസ്സിലാക്കാം.
![]() |
A guide for stargazing |
ബൈനോക്കുലർ / ടെലിസ്കോപ്പ്, ഏതാണ് നല്ലത്?
ആകാശക്കാഴ്ചകൾ നിങ്ങൾക്കൊരു പരിചയമായാൽ ആദ്യം ബൈനോക്കുലർ ഉപയോഗിക്കുന്നതാണ് ടെലസ്കോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്.എന്നിരുന്നാലും അത് തികച്ചും വ്യക്തിപരമായെടുക്കേണ്ട തീരുമാനമാണ്.കാരണം ടെലസ്കോപ്പിനു ബൈനോക്കുലറിനെക്കാൾ Field of view കുറവായതുകൊണ്ട് അതിൽ നമ്മൾ നോക്കുന്ന വസ്തുവിനെ ഫോക്കസ് (Focus) ചെയ്യാനും അതുപോലുള്ള മറ്റു ക്രമീകരണങ്ങൾക്കും കുറച്ചു ബുദ്ധിമുട്ടാണ്.ഇവിടെ ബൈനോക്കുലർ പെട്ടന്ന് ഉപയോഗിക്കാനും ഫോക്കസ് ചെയ്യാനും സാധിക്കുന്നു.എന്നാൽ ഈ കാര്യങ്ങൾ മനസ്സിലാക്കികൊണ്ട്തന്നെ ഓരോ വ്യക്തിക്കും അവർക്ക് ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്.
ഒരു ബൈനോക്കുലറിലൂടെ നമുക്ക് എന്തൊക്കെ കാണാൻ സാധിക്കും ? പൊതുവിൽ വാനനിരീക്ഷകർ 10×50 ,8×50 ബൈനോക്കുലറാണ് ഉപയോഗിക്കുന്നത്.അവയുപയോഗിച്ച് നമുക്ക് ചന്ദ്രൻറെ ഗർത്തങ്ങൾ , ബൈനറി നക്ഷത്രങ്ങൾ (Binary stars ), നക്ഷത്രസമൂഹങ്ങൾ (Star clusters ),ആൻഡ്രോമീഡ ഗാലക്സി (Andromeda galaxy ) തുടങ്ങിയവ അത്യാവശ്യം നല്ല വ്യക്തമായിത്തന്നെ കാണാം. കൂടാതെ വാൽനക്ഷത്രങ്ങൾ വരുമ്പോൾ അവയെ ബൈനോക്കുലറിലൂടെ വ്യക്തമായി നിരീക്ഷിക്കാം.
ഇനി ടെലസ്കോപ്പിന്റെകാര്യം നോക്കുമ്പോൾ , ഒരുപാട് അകലെയുള്ള വസ്തുക്കളെ വ്യക്തമായി തന്നെ ഇതിലൂടെ കാണാം.ടെലസ്കോപ്പിൻറെ പവറിനനുസരിച് നമുക്ക് ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളെയും ,ശനിയുടെ വലയം തുടങ്ങിയവ വ്യക്തമായി കാണാം.അതുപോലെ ചന്ദ്രൻറെ ഗർത്തങ്ങളും വളരെ വലുതായി കാണാവുന്നതാണ് . ബൈനോക്കുലറിനെക്കാൾ വില കൂടുതൽ ടെലിസ്കോപ്പിനാണ്.അതുകൊണ്ടുതന്നെ ഒരു ബൈനോക്കുലർ ഉപയോഗിച്ചശേഷം ടെലിസ്കോപ്പിലേക്ക് മാറുന്നതാവും ഉചിതം.അതിനുമുൻപ് നഗ്നനേത്രങ്ങൾക്കൊണ്ടുള്ള നിരീക്ഷണം കൃത്യമായി നടത്തുക.
ഒരു ടെലിസ്കോപ്പ് അല്ലെങ്കിൽ ബൈനോക്കുലർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? നമുക്ക് അടുത്ത ആർട്ടികളിൽ ചർച്ചചെയ്യാം.
A guide for stargazing
0 Comments