വീണ്ടുമൊരു ചരിത്ര പ്രാധാന്യമേറിയ ബഹിരാകാശവാർത്ത വന്നിരിക്കുന്നു. അന്യഗ്രഹത്തിൽ ഭൂമിയിലെ മനുഷ്യരുടെ മൂന്നു പേടകങ്ങൾ ഒരുമിച്ചെത്തുന്നു. ചൊവ്വയിലേക്കയച്ച യു.എ.ഇ യുടെ (UAE ) ഹോപ് ,നാസയുടെ പെർസവറൻസ് ,ചൈനയുടെ ടിയാൻവെൻ -1 എന്നിവയെക്കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്.
![]() |
2020-21 best mars missions - Hope,Tianwen-1,Perseverance explained |
ഭൂമിയിൽ നിന്നും ചൊവ്വയിലേക്ക് എപ്പോൾ വേണമെങ്കിലും പേടകങ്ങൾ അയക്കാം.പക്ഷെ ഈ മൂന്നു പേടകങ്ങളും പുറപ്പെട്ടത് ഒരേ മാസമാണ്.എന്തിനാണ് ഈ 3 രാജ്യവും തിരക്കിട്ട് ഒരേ മാസം തന്നെ വിക്ഷേപിച്ചത്? കാരണം ,ഓരോ 24 മാസം കൂടുമ്പോൾ ചൊവ്വയും ഭൂമിയും അടുത്തുവരും.അത്തരത്തിൽ വന്നിരിക്കുന്ന ഒരു മാസമായിരുന്നു 2020 ലെ ജൂലൈ മാസം (ചൊവ്വയും ഭൂമിയും തമ്മിൽ അപ്പോഴുള്ള അകലം ഏകദേശം 480 മില്യൺ km ആണ് ). അതുകൊണ്ട് തന്നെയാണ് വിക്ഷേപിക്കാനിരുന്ന 3 പേടകങ്ങളും ചെറിയ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഭൂമിയിൽ നിന്നും വിക്ഷേപിച്ചത്.
ചൊവ്വയും ഭൂമിയും അടുത്ത് വരുമ്പോൾ വിക്ഷേപിച്ചാലുള്ള ഗുണം?
ഒരുപാട് ഗുണങ്ങളുണ്ട്.അതായത് ,ചൊവ്വയിലേക്കുള്ള ദൂരവും അതിനെടുക്കുന്ന സമയവും, മറ്റുള്ള ഏതു സമയത്തേക്കാളും കുറവായിരിക്കും.അതുകൊണ്ടുതന്നെ വിക്ഷേപിക്കുന്ന റോക്കറ്റിന്റെ വലിപ്പവും ,ഭാരവും,ഇന്ധനവും,നിർമാണച്ചെലവും തുടങ്ങിയ കാര്യങ്ങൾ കുറയ്ക്കാനും കഴിയും.
ശാസ്ത്രം ചൊവ്വയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കുകയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഇനിയും ഒരുപാട് പഠിക്കാനുണ്ട്.ഇപ്പോൾ നടത്തിയ 3 വിക്ഷേപണങ്ങളുടെ അടിസ്ഥാന ലക്ഷ്യം ചൊവ്വയിലെ ജീവന്റെ തുടിപ്പിനെ സംബന്ധിച്ചാണ്.
നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.
ഹോപ് (HOPE )
യു.എ.ഇ യുടെ ഹോപ് അഥവാ അൽ അമൽ എന്ന പേടകമാണ് ആദ്യം വിക്ഷേപിച്ചത്. എമിറേറ്റ്സ് മാർസ് മിഷൻ (Emirates Mars Mission ) എന്നാണ് ഈ പദ്ധതിയുടെ പേര്. 2020 ജൂലൈ 19 നു ജപ്പാനിലെ തനേഗഷിമ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.1350 kg ഭാരം വരുന്ന ഈ പേടകം നീണ്ട 7 മാസത്തിനുശേഷം 2021 ഫെബ്രുവരി 9 നു ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ചൊവ്വയെ ചുറ്റാനാരംഭിക്കുകയും ചെയ്തു.ഇതോടുകൂടി ഈ ദൗത്യം വിജയകരമായിതീരുകയും ചെയ്തു.ആദ്യത്തെ അറബ് സ്പേസ് പദ്ധതി എന്ന ഒരു വിശേഷണവും ഇതിനുണ്ട്.
![]() |
image credits: emiratesmarsmision 2020-21 best mars missions - Hope,Tianwen-1,Perseverance explained |
ചൊവ്വയെ ചുറ്റുന്നതിനാൽതന്നെ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനാണ് ഹോപിന്റെ പദ്ധതി. എന്തുകൊണ്ടാണ് ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നും ഓക്സിജനും ഹൈഡ്രജനും തുടങ്ങിയ മൂലകങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നത്,കാലാവസ്ഥ ഇതിനെ ബാധിക്കുന്നുണ്ടോ തുടങ്ങിയവയെക്കുറിച്ചാണ് പ്രധാന പഠനം.
ചൊവ്വയിലെ ഒരു വര്ഷം വരെയാണ് ഈ പേടകത്തിന്റെ ആയുസ്സ്. അതായത് ഭൂമിയിലെ 2 വർഷം .ഈ കാലയളവിനുള്ളിൽ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് ഏറ്റവും വ്യക്തമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും എന്നാണ് എമിറേറ്റ്സ് മാർസ് മിഷന്റെ പ്രവർത്തകർ പറയുന്നത്.
ടിയാൻവെൻ -1 (TIANWEN -1 )
രണ്ടാമതായി വിക്ഷേപണം നടത്തിയത് ചൈനയായിരുന്നു.2020 ജൂലൈ 22 നു വെൻചാങ് സാറ്റലൈറ്റ് സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.പേടകത്തിന്റെ നാമം സൂചിപ്പിക്കുന്ന അർഥം സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ (Questions to Heaven) എന്നാണ്. യു.എ.ഇ യുടെ ഹോപിനെപ്പോലെ ചൊവ്വയെ ചുറ്റുന്ന പേടകം മാത്രമല്ല ചൈനയുടെ ലക്ഷ്യം.ഒരു റോവറിനെ (Rover) ഇറക്കുക എന്ന വലിയൊരു കടമ്പകൂടെയുണ്ട് ഈ ദൗത്യത്തിന്. 2021 ഫെബ്രുവരി 10 നു ഈ പേടകം ചൊവ്വയുടെ ഭ്രമണപദത്തിലെത്തുകയും ,ചൊവ്വയെ ചുറ്റുവാനാരംഭിക്കുകയും ചെയ്തു.അടുത്തതായി റോവറിനെ ഇറക്കുക എന്നതാണ് ലക്ഷ്യം.അതിനു കുറച്ച് ദിവസങ്ങളോ മാസങ്ങളോ കാത്തുനിന്ന് ഇറങ്ങാനുള്ള സ്ഥലത്തെക്കുറിച്ച് പഠിക്കുകയും ,കാലാവസ്ഥയെ മനസ്സിലാക്കി ഇറങ്ങാനുള്ള തയ്യാറെടുപ്പുകളെടുക്കുകയുമാണ് ഈ ഇടവേളയിൽ ചെയ്യുന്നത്.ഇറങ്ങാനുദ്ദേശിക്കുന്നത് ചൊവ്വയിലെ ഉട്ടോപ്യ പ്ലാനിറ്റ എന്ന സ്ഥലത്താണ്.
![]() |
image credits :cnsa 2020-21 best mars missions - Hope,Tianwen-1,Perseverance explained |
റോവർ പ്രധാനമായും മുന്നോട്ടുവെക്കുന്ന പഠനം ,അതിറങ്ങിയ പ്രദേശത്തിന്റെ ജിയോളജിയെക്കുറിച്ചാണ്.അതായത് ,അവിടെയുള്ള മണ്ണിന്റെയും കല്ലിന്റെയും സാമ്പിളുകളെടുത്ത് അത് വിശകലനം ചെയ്ത്,ജീവന്റെ സാധ്യതയെക്കുറിച്ച് പഠിക്കുക എന്നതാണ്.കൂടാതെ വെള്ളത്തിന്റെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.
ചൈന ഇതിനുമുൻപ് ചൊവ്വ ദൗത്യം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ,അത് വിജയകരമായിരുന്നില്ല.എന്നാൽ ടിയാൻവെൻ -1 ഇപ്പോൾ പകുതി വിജയം കരസ്ഥമാക്കിയിട്ടുണ്ട്.അടുത്തതായി റോവറിന്റെ ലാന്റ്റിങ്ങാണ് ,അതും കൃത്യമായി സംഭവിച്ചാൽമാത്രമാണ് ഈ ദൗത്യം പൂർണമായും വിജയിക്കുക.
പെർസ്‌വെറൻസ് (PERSEVERANCE )
ജൂലൈ മാസത്തിലെ അവസാന വിക്ഷേപണം നടത്തിയത് നാസയാണ്. 2020 ജൂലൈ 30 നായിരുന്നു പെർസ്‌വെറൻസിന്റെ വിക്ഷേപണം.
2021 ഫെബ്രുവരി 18 നു ഈ പേടകം ചൊവ്വയിൽ ലാൻഡ് ചെയ്യുമെന്നാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.അതിനുള്ള 'Countdown ' അവർ ആരംഭിച്ചുകഴിഞ്ഞു.
![]() |
image credits :nasa 2020-21 best mars missions - Hope,Tianwen-1,Perseverance explained |
ആദ്യകാലങ്ങളിൽ ചൊവ്വയിൽ ജലമുണ്ടായിരുന്നു എന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്.എങ്കിൽ അവിടെ ജീവന്റെ ഒരു സാധ്യത കാണാനിടയുണ്ട്. ഇതിനെക്കുറിച്ച് പഠിക്കുക എന്നതാണ് പെർസ്‌വെറൻസ് എന്ന റോവറിന്റെ ലക്ഷ്യം.ചൊവ്വയിലെ ജസീറൊ എന്ന ഗർത്തത്തിലാണ് (Jazero crater ) റോവർ ഇറങ്ങാനുദ്ദേശിക്കുന്നത്.അവിടെയുള്ള പാറകളുടെയും മറ്റും സാമ്പിളുകൾ ശേഖരിച്ച് അവ കൃത്യമായി സൂക്ഷിച്ചുവെക്കുകയും തുടർന്നു ഭാവി ചൊവ്വ ദൗത്യങ്ങളിൽ ആ സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്കയക്കുകയും, ശേഷം ലബോറട്ടറിയിൽ വച്ച് അവയെക്കുറിച്ച് പഠിക്കുക എന്നതാണ് പദ്ധതി.ഇതുവഴി ചൊവ്വയിലെ ജീവന്റെയും ജലത്തിന്റെയും സാധ്യതയെക്കുറിച്ച് മനസ്സിലാക്കുകയും,ആദ്യകാല ചൊവ്വയുടെ ഒരു വ്യക്തമായ രൂപം തയ്യാറാക്കുകയുമാണ് നാസയുടെ ലക്ഷ്യം .ഇതുകൂടാതെ ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ചുമെല്ലാം റോവർ പഠിക്കാനുദ്ദേശിക്കുന്നുണ്ട്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്രോഫോൺ വഴി ചൊവ്വയിലെ ശബ്ദം നമുക്ക് കേൾക്കാനാകും.യഥാർത്ഥത്തിൽ റോവറിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനാണു മൈക്രോഫോൺ ഘടിപ്പിച്ചതെന്നു നാസ പറയുന്നു.
പെർസ്‌വെറൻസ് എന്ന റോവർ മാത്രമല്ല ഈ ദൗത്യത്തിലുള്ളത്.പ്രധാനപ്പെട്ട മറ്റൊന്നുകൂടെയുണ്ട്. 'ഇൻജെന്യുറ്റി' (Ingenuity ) എന്ന ചൊവ്വയിലിറക്കുന്ന ആദ്യത്തെ ഹെലികോപ്റ്ററാണിത് (Mars helicopter ). ഭൂമിയിൽ ഹെലികോപ്റ്റർ പറത്തുക എന്നതുപോലെ എളുപ്പമുള്ളതല്ല ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തുക എന്നുള്ളത്.കാരണം ചൊവ്വയിലെയും ഭൂമിയിലെയും ഗുരുത്വാകർഷണം (Gravity ) ,താപം (Temperature ),അന്തരീക്ഷമർദ്ദം (Atmospheric pressure ),വായുഘർഷണം (Air friction ) തുടങ്ങിയവയിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ അവയെ മനസ്സിലാക്കി കൃത്യമായി ഹെലികോപ്റ്റർ പറത്തുക എന്നുള്ളത് ഈ പദ്ധതിയുടെ വലിയൊരു വെല്ലുവിളിയാണ്. ഭൂമയിൽ ചൊവ്വയുടെ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ,അതിൽ നിന്നും മാർസ് ഹെലികോപ്റ്റർ പറത്തിക്കുക എന്നിങ്ങനെയുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്.ഇവിടെ അത് വിജയകരമായെങ്കിലും ചൊവ്വയിലും ഇത് വിജയകരമാകുമോ എന്നുള്ള കാത്തിരിപ്പിലാണ് ഇന്ന് ലോകം.ചൊവ്വയിലും ഇത് വിജയിച്ചാൽ, വരും ദൗത്യങ്ങൾക്കും പഠനങ്ങൾക്കും ഇത് വലിയൊരു മുതൽക്കൂട്ടായിരിക്കും.
![]() |
image credits :nasa 2020-21 best mars missions - Hope,Tianwen-1,Perseverance explained |
എന്തായാലും ചരിത്രത്തിൽ 2021 ഫെബ്രുവരി മാസം ഒരു നാഴികക്കല്ലായി മാറാനൊരുങ്ങുന്നു.നമുക്ക് 3 രാജ്യങ്ങൾ വിക്ഷേപിച്ച പേടകമാണെങ്കിലും ചൊവ്വയെ സംബന്ധിച്ച് ഭൂമിയിലെ മനുഷ്യരുടെ 3 പേടകങ്ങളാണ് വരുന്നത്.തീർച്ചയായും മാനവരാശിയുടെ അഭിമാനനിമിഷമാണിത്.
ഇതിനു മുൻപ് ചൊവ്വ ദൗത്യം നടത്തി വിജയിച്ചത് നാസയും ഇന്ത്യയും റഷ്യയും യൂറോപ്പ്യൻ സ്പേസ് ഏജൻസിയുമാണ്.അതിൽത്തന്നെ ആദ്യത്തെ വിക്ഷേപണത്തിൽ വിജയം കൈവരിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.അതിൽ ഓരോ ഇന്ത്യക്കാരനും എന്നും അഭിമാനിക്കാം.
2 Comments
😍👌
ReplyDeleteWow 🙌🏻🔥
ReplyDelete