എങ്ങനെ ഒരു ബൈനോക്കുലർ തിരഞ്ഞെടുക്കാം ?
ആദ്യമേ പറയട്ടെ ഇവിടെ മികച്ച കമ്പനിയോ ഏറ്റവും നല്ല ഉൽപ്പന്നത്തെയോ കുറിച്ചല്ല പറയുന്നത്. ഒരു ടെലസ്കോപ്പ് അല്ലെങ്കിൽ ഒരു ബൈനോക്കുലർ വാങ്ങുന്ന ആൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് .ഇവ മനസ്സിലാക്കിയാൽ നിങ്ങൾക്ക് തന്നെ മികച്ചത് ഏതെന്ന് തിരഞ്ഞെടുക്കാനാവും.
ഇവിടെ നമുക്ക് വാനനിരീക്ഷണത്തിന്നായി ഒരു ബൈനോക്കുലർ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നോക്കാം.
![]() |
| How to choose a Binocular/Telescope for stargazing -Part 1 |
തുടക്കക്കാരെ സംബന്ധിച്ചടുത്തോളം എളുപ്പത്തിൽ ഉപയോഗിക്കാനും കൊണ്ടുനടക്കാനും ആദ്യം ഒരു ബൈനോക്കുലർ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.നമുക്ക് കണ്ണുകൊണ്ട് വ്യക്തമായി കാണാൻ പറ്റാത്ത നക്ഷത്രങ്ങളും,അവയുടെ കൂട്ടങ്ങളും,ചന്ദ്രൻറെ ഗർത്തങ്ങളും തുടങ്ങിയവ വ്യക്തമായിത്തന്നെ ഒരു ബൈനോക്കുലർ ഉപയോഗിച്ച് കാണാം.
ബൈനോക്കുലറിൽ 2 നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാവും.എന്താണവ ?
അതാണ് ബൈനോക്കുലർ എത്ര മടങ്ങ് അടുത്ത് കാണുന്നുവെന്നും (Magnification / zoom ) എത്രത്തോളം ലൈറ്റിനെ ആഗിരണം ചെയ്യുന്നു എന്നും രേഖപ്പെടുത്തിയത്.ഉദാഹരണത്തിന് 10×50 എന്ന ബൈനോക്കുലർ എടുക്കുന്നു, ഇവിടെ 10 എന്നത് 10X ആണ് . അതായത് ഈ ബൈനോക്കുലർ ഉപയോഗിച്ച് നഗ്നനേത്രങ്ങൾക്കൊണ്ട് കാണുന്നതിൻറെ 10 മടങ്ങ് വലുതായി കാണാം എന്നർത്ഥമാക്കുന്നു.അതുപോലെ 50 എന്നത് ഈ ബൈനോക്കുലറിൻറെ വലിയ ലെൻസിൻറെ വ്യാസമാണ്.ഒരു ബൈനോക്കുലറിന് 2 പ്രധാന ഭാഗങ്ങളാണുള്ളത് ; ഒബ്ജക്റ്റീവ് ലെൻസും (Objective lens ) ഐ പീസും ( Eye piece ).ഐ പീസ് എന്നത് നമ്മൾ കണ്ണുകൊണ്ട് നോക്കുന്ന ഭാഗം.ഒബ്ജക്റ്റീവ് ലെൻസ് എന്നത് മുൻപിലെ വലിയ ലെൻസ്.ഇവിടെ 50 എന്ന് സൂചിപ്പിക്കുന്നത് 50 mm ആണ് ഒബ്ജക്റ്റീവ് ലെൻസിൻറെ വ്യാസം (Diameter ) എന്നാണ്.
ഒബ്ജക്റ്റീവ് ലെൻസിൻറെ വ്യാസം കൂടുന്നതിനനുസരിച്ച് കൂടുതൽ പ്രകാശം സ്വീകരിക്കാനും അതുവഴി വ്യക്തതയുള്ള കാഴ്ചകൾ കാണാനും സാധിക്കും.എന്നാൽ ഒബ്ജക്റ്റീവ് ലെൻസിൻറെ വ്യാസം കൂടുന്നതിനനുസരിച്ച് ബൈനോക്കുലറിൻറെ വലിപ്പവും ഭാരവും കൂടും.ഇത് കാരണം ബൈനോക്കുലർ കയ്യിൽ വച്ച് അധികനേരം ഉപയോഗിക്കുമ്പോൾ പ്രയാസമുണ്ടാകുന്നു.ഒരു ട്രൈപോഡ് (Tripod ) ഉപയോഗിച്ചാൽ ഈ പ്രശനം പരിഹരിക്കാം.ഒബ്ജക്റ്റീവ് ലെൻസിൻറെ വ്യാസം കൂടുന്നതിനനുസരിച്ച് ബൈനോക്കുലറിൻറെ വിലയും കൂടും എന്നോർമിപ്പിക്കുന്നു .
പൊതുവിൽ വാനനിരീക്ഷകർ ഉപയോഗിക്കുന്ന ബൈനോക്കുലർ 10×50 അല്ലെങ്കിൽ 8×50 ആണ് . നിങ്ങൾക്ക് 20×50 എന്നിങ്ങനെയുള്ള സൂം (Zoom ) കൂടിയതും ഒബ്ജക്റ്റീവ് ലെൻസിൻറെ വ്യാസം കുറഞ്ഞതുമായ ബൈനോക്കുലറുകൾ ലഭ്യമാണ്. എന്നാൽ അതിന്റെ പ്രശനം, നിങ്ങൾക്ക് ആ വസ്തുവിനെ വലുതായി കാണാമെങ്കിലും അതിന്റെ വ്യക്തത (clarity ) കുറവായിരിക്കും.കാരണം 20X സൂം ചെയ്യാനാവശ്യമായ ഒബ്ജക്റ്റീവ് ലെൻസിന്റെ വ്യാസം കുറഞ്ഞതുകൊണ്ടാണ്.അതുകൊണ്ട് ഒരിക്കലും എത്ര മടങ്ങ് അടുത്ത് കാണും എന്നത് മാത്രം നോക്കി തിരഞ്ഞെടുക്കരുത്.അതും ഒരു പ്രധാന ഘടകമെങ്കിലും അതിനനുയൊജ്യമായ വ്യാസമുള്ള ഒബ്ജക്റ്റീവ് ലെൻസും കൂടെ പരിഗണിക്കുക.ഇനി നിങ്ങൾക്ക് വ്യക്തതയല്ല സൂം ആണ് പ്രാധാന്യമെങ്കിൽ 20×50 പോലുള്ള ബൈനോക്കുലർ തിരഞ്ഞെടുക്കാവുന്നതാണ്.സൂം കൂടുമ്പോൾ പ്രയാസമുണ്ടാക്കുന്ന മറ്റൊരു കാര്യം എന്തെന്നാൽ , നിങ്ങൾ നോക്കുന്ന വസ്തുവിനെ ഫോക്കസ് (Focus ) ചെയ്യുന്നതിലാണ്. ഒരുപാട് വലുപ്പത്തിൽ കാണുമ്പോൾ അവിടെ കാഴ്ച മണ്ഡലം (Field of view ) കുറയുന്നു.കൂടാതെ ബൈനോക്കുലറിൻറെ ഭാരം കാരണം കൈകൾ അനങ്ങിക്കൊണ്ടിരിക്കുകയും ,അതുകാരണം നമ്മൾ നിരീക്ഷിക്കുന്ന വസ്തുവിനെ കൃത്യമായി പോയിന്റ് ചെയ്ത് വെക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇതിന് പരിഹാരമായി ഒരു ട്രൈപോഡ് ഉപയോഗിച്ചാൽ മതി.
അതുപോലെ ബൈനോക്കുലർ വാങ്ങുമ്പോൾ 2 തരം ബൈനോക്കുലറുകൾ കാണാം.ഒന്ന് റൂഫ് പ്രിസം (Roof Prism ) മറ്റൊന്ന് പോറോ പ്രിസം (Porro Prism ).ഇതിൽ വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്നത് പോറോ പ്രിസമാണ്.അതുകൊണ്ട് തെറ്റായി തിരഞ്ഞെടുക്കരുത്.പോറോ പ്രിസമാണോ തിരഞ്ഞെടുത്തതെന്ന് ഉറപ്പ് വരുത്തുക.
ഒരു ബൈനോക്കുലർ വാങ്ങുന്നതിനുള്ള അടിസ്ഥാനമായ വിവരങ്ങൾ ഇവയെല്ലാമാണ്.ഇതനുസരിച്ച് നിങ്ങൾക്ക് അനുയോജ്യമയ ബൈനോക്കുലർ തിരഞ്ഞെടുക്കാം.സംശയങ്ങളുണ്ടെങ്കിൽ കമെന്റായോ പേർസണൽ മെസ്സേജുകളായോ ചോദിക്കാവുന്നതാണ്.
ഒരു നല്ല ടെലസ്കോപ്പ് എങ്ങനെ തിരഞ്ഞെടുക്കാമെന്നത് അടുത്ത ആർട്ടിക്കിളിലൂടെ വായിക്കാം .
How to choose a Binocular/Telescope for stargazing -Part 1

0 Comments