പകലായാലും രാത്രിയായാലും ആകാശത്ത് മിക്കപ്പോഴും കാണുന്ന ഒന്നാണ് മേഘങ്ങൾ.എങ്ങനെയാണ് ഇവ ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.പലപ്പോഴും മേഘങ്ങൾക്കിടയിലൂടെ നീങ്ങാനും അവ തൊടുവാനും ആഗ്രഹിക്കുന്നവരുണ്ട്.സത്യത്തിൽ ഒരുവിധം എല്ലാ ആളുകളും മേഘങ്ങൾക്കിടയിലൂടെ പോയിട്ടുണ്ടാവും.അത് അനുഭവിച്ചറിഞ്ഞിട്ടുമുണ്ടാവും.എങ്ങനെയെന്നല്ലെ ,കാര്യം നിസ്സാരമാണ്.അത് മനസ്സിലാക്കാൻ ആദ്യം മേഘങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കിയാൽ മതി.
സത്യത്തിൽ മേഘങ്ങളായി നമ്മൾ കാണുന്നത് വെള്ളത്തുള്ളികളാണ്.
ഒരു വെള്ളത്തുള്ളിയിലെ കണങ്ങൾ വളരെ അടുത്തേക്ക് വരുമ്പോൾ ഇവ ദ്രാവക രൂപത്തിൽ നിന്നും സ്ഫടികങ്ങൾ പോലെയുള്ള രൂപത്തിലേക്ക് മാറുന്നു.ഇങ്ങനെയുള്ള ഓരോ തുള്ളികളും അടുത്തേക്ക് വന്നു കൂടിച്ചേർന്ന് നമുക്ക് കാണാൻ പറ്റുന്ന വലിപ്പത്തിലേക്ക് മാറിയതിനെയാണ് മേഘങ്ങൾ എന്ന് പറയുന്നത്.വെള്ളത്തുള്ളിയുടെ വലിപ്പം എത്രവരും എന്ന് മനസ്സിലാക്കാൻ ,നേരത്തെ പറഞ്ഞതിനെ പറ്റി ആലോചിച്ചാൽ മതി.അതായത് നമ്മൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞു എന്ന് പറഞ്ഞ മേഘങ്ങളെക്കുറിച്ച്.അവയാണ് മൂടൽ മഞ്ഞ്.ഇവ താഴെ കാണപ്പെടുന്ന മേഘങ്ങളാണ്.മൂടൽ മഞ്ഞിൽ നമ്മൾക്ക് എത്ര വലിപ്പത്തിലാണ് വെള്ളത്തുള്ളികളെ കാണാൻ സാധിക്കുന്നത് എന്ന് ചിന്തിച്ച് നോക്കു.ഇതുപോലെയാണ് ആകാശത്തു നമ്മൾ കാണുന്ന മേഘങ്ങളിലെ തുള്ളികളുമിരിക്കുന്നത്.
എത്ര തരം മേഘങ്ങൾ
മേഘങ്ങളെ വലിപ്പത്തിനും,രൂപത്തിനും,അവ എത്ര ദൂരം മുകളിലാണ് എന്നതിനെല്ലാമനുസരിച്ചാണ് തരംതിരിച്ചിരിക്കുന്നത്.അവയിൽ തന്നെ 3 തരം മേഘങ്ങളാണ് പ്രധാനപ്പെട്ടത്.
1.സ്ട്രാറ്റസ് മേഘങ്ങൾ (Stratus Clouds)
ഒരുപാട് നീളത്തിലും വീതിയിലും ,ഒരു മുണ്ട് വിരിച്ചതുപോലെ പരന്നു കാണപ്പെടുന്ന മേഘങ്ങളാണ് ഇവ. താഴ്ന്ന മേഖലയിലാണ് ഈ മേഘങ്ങൾ കാണപ്പെടുന്നത് (2000 m ഉയരത്തിനുള്ളിൽ ).
![]() |
What are clouds and how do they form? |
2.ക്യുമുലസ് മേഘങ്ങൾ (Cumulus Clouds )
പഞ്ഞിക്കട്ടകൾ പോലെ കാണപ്പെടുന്ന മേഘങ്ങളാണിവ.ഏകദേശം മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു (200 - 2000 m )
![]() |
What are clouds and how do they form? |
3.സിറസ് മേഘങ്ങൾ (Cirrus Clouds )
ഇവ വളരെ ഉയരത്തിൽ കാണപ്പെടുന്നു (5000 -13700 m ). തൂവൽ പോലെയുള്ള രൂപത്തിൽ കാണപ്പെടുന്നു.
![]() |
What are clouds and how do they form? |
ഇവയല്ലാതെ വേറെയും മേഘങ്ങളുണ്ട് ,എന്നാൽ അവ മുകളിൽ പറഞ്ഞ മേഘങ്ങളുടെ പല രൂപമാറ്റങ്ങളാണ്.
മറ്റൊന്ന് നമ്മൾ കാണുന്ന മഴ മേഘങ്ങളാണ്.നിംബസ് (Nimbus) എന്ന വിഭാഗത്തിലുള്ളവയാണ് ഇവ.അതിൽത്തന്നെ നിമ്പോസ്ട്രാറ്സ് ( Nimbostratus clouds ) എന്ന മഴമേഘമാണ് മണിക്കൂറോളമുള്ള മഴയ്ക്ക് കാരണം.കൂടാതെ ക്യൂമുലോനിംബസ് മേഘങ്ങൾ (Cumulonimbus clouds ) ഇടിമിന്നലും സൃഷ്ടിക്കുന്നു.
മേഘങ്ങളുടെ നിറം
തെളിഞ്ഞാകാശത്ത് നമുക്ക് വെളുത്ത മേഘങ്ങളെയാണ് കാണുന്നത്.എന്നാൽ മഴയ്ക്ക് മുൻപ് ഇരുണ്ടുവരുന്നത് ചാര നിറത്തിലുള്ള മേഘങ്ങൾ കാരണവും. എന്താവാം അതിന്റെ കാരണം?
തെളിഞ്ഞ ആകാശത്ത് കാണുന്ന മേഘങ്ങളുടെ കാര്യം നോക്കാം.ഇവിടെ ഓരോ വെള്ളത്തുള്ളികളും വളരെ അടുത്തായാണ് കാണപ്പെടുന്നത്.അതിനാൽത്തന്നെ അവയിലേക്ക് പതിക്കുന്ന പ്രകാശത്തെ അവ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു (Reflecting and Mie Scattering occurs) .എല്ലാ നിറത്തെയും പ്രതിഫലിപ്പിക്കുന്ന വസ്തുക്കളെ നമുക്ക് വെള്ള നിറത്തിലാണ് കാണപ്പെടുന്നത്. സൂര്യന്റെ വെളിച്ചത്തിൽ എല്ലാ നിറവുമുള്ളതിനാൽ അവയെ എല്ലാം തന്നെ ഈ വെള്ളത്തുള്ളികൾ ഒരുപോലെ പ്രതിഫലിപ്പിക്കുന്നു.അതുകൊണ്ടാണ് ഇത്തരം മേഘങ്ങളേ നമുക്ക് വെള്ള നിറത്തിൽ കാണുന്നത്.
എന്നാൽ മഴമേഘങ്ങളോ ?
മഴമേഘങ്ങളിൽ ചെറിയ വ്യത്യാസം സംഭവിക്കുന്നുണ്ട്.അതായത് നേരത്തെ പറഞ്ഞതുപോലെ വെളുത്തമേഘങ്ങൾ രൂപപ്പെടുന്നു.പിന്നീട് വീണ്ടും വെള്ളത്തുള്ളികൾ കൂടുകയും, അവ വലുതാവുകയും ചെയ്യുന്നു .ഇവിടെ വലിപ്പം കാരണം പല സ്ഥലങ്ങളിലും കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്നില്ല.മാത്രമല്ല വലിയ മേഘങ്ങളാകുമ്പോൾ, അടുത്തുള്ള വെള്ളത്തുള്ളികൾ കൂടിച്ചേരാനാരംഭിക്കുകയും, അവിടെ ചെറിയൊരു വിടവും (Gap/Space) വരുന്നു. ഇങ്ങനെ ആ മേഘത്തിലെ ഒരുപാട് തുള്ളികൾക്ക് സംഭവിക്കുമ്പോൾ അവിടെയെല്ലാം ചെറിയ വിടവുകളും വരുന്നു.അതുകൊണ്ടുതന്നെ പ്രകാശത്തെ വെള്ളത്തുള്ളികളുള്ള ഭാഗം മാത്രം പ്രതിഫലിപ്പിക്കുന്നു.ചുരുക്കത്തിൽ ഇവയ്ക്ക് വെള്ള മേഘത്തേക്കാൾ പ്രതിഫലനം കുറവാണ്.അതുകൊണ്ടാണ് ഇവ ഇരുണ്ട് ചാര നിറത്തിൽ കാണപ്പെടുന്നത്.
ഇങ്ങനെ ഒരുപാട് തുള്ളികൾ കൂടിച്ചേരുമ്പോൾ അവയ്ക്ക് ഭാരം കൂടുകയും ,അത് ഗുരുത്വാകർഷണം കാരണം താഴേക്ക് പതിക്കുന്നു.അതിനെയാണ് നമ്മൾ മഴ എന്ന് വിളിക്കുന്നത്.ചിലപ്പോൾ വെള്ളത്തുള്ളികൾ സ്ഫടികരൂപത്തിൽത്തന്നെ താഴേക്ക് പതിക്കുമ്പോൾ അതിനെ നമ്മൾ ആലിപ്പഴം എന്നും വിളിക്കുന്നു.
മറ്റൊന്ന് നമ്മൾ സൂര്യോദയത്തിലും സന്ധ്യയ്ക്കുമെല്ലാം കാണുന്ന മേഘങ്ങളുടെ നിറമാണ്. അത് സംഭവിക്കുന്നത് റെയ്‌ലെ സ്‌കേറ്ററിങ്ങും (Rayleigh ) മൈ സ്‌കേറ്ററിങ്ങും (Mie Scattering) സംഭവിക്കുന്നത്കൊണ്ടാണ്.അത് ലളിതമായിത്തന്നെ മറ്റൊരു ബ്ലോഗിൽ വിശദീകരിക്കാം.
മേഘങ്ങൾ എന്നത് വെള്ളത്തുള്ളികൾക്കൊണ്ട് (H2O) മാത്രമല്ല ഉണ്ടാകുന്നത്. പല വാതകങ്ങൾ കാരണം പല രീതിയിലുള്ള മേഘങ്ങളുണ്ടാകുന്നുണ്ട്.ഉദാഹരണത്തിന് നമ്മുടെ വാതക ഭീമന്മാർ (Gas giants) തന്നെ.വ്യാഴത്തെ നോക്കിയാൽ അത് ഹൈഡ്രജൻ ഹീലിയം തുടങ്ങിയ വാതകങ്ങൾക്കൊണ്ട് നിറഞ്ഞതാണ്.അതിലെ മേഘങ്ങൾ അമോണിയപോലുള്ള വാതകങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്.
മേഘങ്ങളെ നിർമ്മിക്കാൻ പറ്റുമോ?
ക്ലൗഡ് സീഡിംഗ് (Cloud Seeding ) എന്ന രീതിയുപയോഗിച്ച് മഴ കുറവുള്ള സ്ഥലങ്ങളിൽ കൃത്രിമമായി മഴ പെയ്യിക്കുന്നു. ഇതിനായി ഡ്രൈ ഐസ് (Dry ice -Solid form of CO2) സിൽവർ അയോഡൈഡ് തുടങ്ങിയവ ഉപയോഗിക്കുന്നു.ഇങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും പിഴവുകൾ വന്നാൽ അത് നമ്മളെ കാര്യമായി ബാധിക്കും .അതായത് പ്രളയം പോലുള്ളവ സംഭവിച്ചേക്കാം.ക്ലൗഡ് സീഡിംഗിനെക്കുറിച്ച് നമുക്ക് മറ്റൊരു ബ്ലോഗിൽ വിശദീകരിക്കാം.
What are clouds and how do they form?
0 Comments