രണ്ട് ദിവസം മുൻപുള്ള പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വാർത്തയാണ് ഭൂമിയുടെ കറക്കത്തിൻറെ വേഗത കൂടുന്നു എന്നുള്ളത്.
പലരും തെറ്റിദ്ധരിച്ചത് വളരെ വേഗം ഭൂമി കറങ്ങാൻ തുടങ്ങിയെന്നും ,ഇത് നമുക്ക് ഭീതി പടർത്തുന്ന സംഭവമാണെന്നുമാണ്.ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം.
ലീപ് ഇയർ (Leap Year ) എന്ന് കേട്ടിട്ടുണ്ടാവുമല്ലോ.മലയാളത്തിൽ അധിവര്ഷം എന്ന് പറയും.അതായത് 4 വര്ഷം കൂടുമ്പോൾ കലണ്ടറിൽ ഒരു ദിവസം കൂട്ടിച്ചേർക്കുന്നതാണ് ഇത്.ഫെബ്രുവരി 29 ഇങ്ങനെയാണ് വരുന്നത്.ഇങ്ങനെ സംഭവിക്കുന്നത് സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണം കാരണമാണ്.
ഇതുപോലെതന്നെയുള്ളൊരു കൂട്ടിച്ചേർക്കലാണ് ലീപ് സെക്കന്റ് (Leap Second ).അതായാത് ഫെബ്രുവരി 29 എന്ന ഒരു അധിക ദിവസം ചേർക്കുന്നത് പോലെ ,ഒരു സെക്കന്റ് കൂടുതൽ ചേർക്കുന്നതിനെയാണ് ലീപ് സെക്കന്റ് എന്ന് പറയുന്നത്.ഇതുപോലെ ഒരു സെക്കന്റ് കുറക്കാനും പറ്റുന്നതാണ്.എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് നോക്കാം.
![]() |
Is the speed of the earth's rotation increasing? |
ഒരു ദിവസം എന്നത് 24 മണിക്കൂർ ആയാണ് കണക്കാക്കുന്നത്.ഇത് ശരാശരി കണക്കാണ്.യഥാർത്ഥത്തിൽ 23 മണിക്കൂർ 56 മിനിറ്റ് ആണ്.അതിന്റെ കാരണം നമുക്ക് പിന്നീട് പറയാം.എന്തായാലും 24 മണിക്കൂർ ആയിട്ടാണ് ഒരു ദിവസത്തെ കണക്കാക്കുന്നത്.എന്നിരുന്നാലും ഇതിൽതന്നെ സമയക്കുറവോ കൂടുതലോ വന്നേക്കാം.കാരണം ഭൂമിയുടെ കറക്കത്തെയാണ് ഇത് ആശ്രയിക്കുന്നത്.അതിനാൽത്തന്നെ ഭൂമിയുടെ കറക്കത്തിന്റെ വേഗത കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് ഈ സമയത്തിലും വ്യത്യാസം വരും.ഇങ്ങനെ സമയം നിശ്ചയിക്കുന്നതിന് അസ്‌ട്രോണോമിക്കൽ ടൈം (Astronomical time ) അല്ലെങ്കിൽ UT1 (Universal time) എന്ന് വിളിക്കുന്നു.
അതുപോലെ തന്നെ ഭൂമിയിൽ സമയം നോക്കുന്ന മറ്റൊരു രീതിയാണ് അറ്റോമിക് ക്ലോക്കുകൾ ഉപയോഗിച്ച് സമയം നോക്കുന്നത്.നേരത്തെ പറഞ്ഞ ഭൂമിയുടെ കറക്കമുപയോഗിച്ച് മനസ്സിലാകുന്ന സമയത്തേക്കാൾ (UT1 നേക്കാൾ ) കൃത്യമായ സമയം അറ്റോമിക് ക്ലോക്കിലൂടെ നമുക്ക് ലഭിക്കും.ഇതിനെ ഇന്റർനാഷണൽ അറ്റോമിക് ടൈം (TAI -International Atomic Time) എന്ന് വിളിക്കുന്നു.ഇതിനായി ഇരുന്നൂറോളം അറ്റോമിക് ക്ലോക്കുകളെ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.ഇവയിൽ നിന്നും ലഭിക്കുന്ന സമയം ഉപയോഗിച്ച് ലോകത്തുള്ള ലോക്കൽ ക്ലോക്കുകളുടെ സമയം ചിട്ടപ്പെടുത്തുന്നതിനാണ് UTC (Coordinated Universal Time ) പ്രവർത്തിക്കുന്നത്.
UT1 ഉം UTC യും തമ്മിലുള്ള സമയവ്യത്യാസം 0.9 സെക്കന്റ് ആകുന്നതിനു മുൻപ് UTC യ്ക് ഒരു സെക്കന്റ് കൂടുതൽ കൊടുക്കുന്നു.അതായത് ലീപ് സെക്കന്റ് ചേർക്കുന്നു എന്നർത്ഥം.ഇങ്ങനെ ചെയ്യുന്നത് UTC യും UT1 ഉം തമ്മിലുള്ള സമയത്തിൽ വരുന്ന വ്യത്യാസം കുറയ്ക്കാനാണ്.ഈ ലീപ് സെക്കന്റ് കൂട്ടുകയാണോ കുറയ്ക്കുകയാണോ വേണ്ടത് എന്ന് തീരുമാനിക്കുന്നത് IERS (International Earth Rotational and Reference Systems Service) ആണ്.ഭൂമിയുടെ സ്വയം കറക്കത്തിനനുസരിച്ചാണ് (Rotaion of Earth) ഇത് നിശ്ചയിക്കുന്നത്.ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറവാണെങ്കിലാണ് ലീപ് സെക്കന്റ് ചേർക്കുന്നത് ( മുകളിൽ പറഞ്ഞ 0.9 S ന്റെ വ്യത്യാസം കൂടെ കണക്കിലെടുക്കുന്നു ).അഥവാ വേഗത കൂടുതലാണെങ്കിൽ ലീപ് സെക്കന്റ് കുറയ്ക്കുന്നു (Adding negative leap second).
ഇതുവരെ കൂട്ടുകയല്ലാതെ ലീപ് സെക്കന്റ് കുറച്ചിട്ടില്ല.പക്ഷെ 2017 മുതൽ 2020 ഡിസംബർ വരെ ലീപ് സെക്കന്റ് കൂട്ടിയിട്ടില്ല.അതിനാലാണ് സാധാരണ ഭൂമിയുടെ കറക്കത്തിനേക്കാൾ വേഗത കൂടിവരുന്നു എന്ന് വാർത്തകളിൽ പറയുന്നത്.അതുകൊണ്ട് തന്നെ ഇങ്ങനെ തുടരുകയാണെങ്കിൽ ചിലപ്പോൾ ലീപ് സെക്കന്റ് കുറയ്‌ക്കേണ്ടിവരുമോ (Adding negative leap second) എന്നുള്ളതാണ് വിദഗ്‌ധരുടെ ഇപ്പോഴുള്ള ചർച്ച എന്ന് ഡെയിലി മെയിൽ പോലുള്ള മാധ്യമങ്ങളിൽ പറയുന്നത്. മാത്രമല്ല ഏറ്റവും കൂടുതൽ വേഗത്തിൽ കറങ്ങി എന്ന് അഭിപ്രായങ്ങൾ വരുന്നത് 1999 മുതൽ 2004 വരെയാണ്.കാരണം ആ വർഷങ്ങളിലും ലീപ് സെക്കന്റ് ചേർത്തിരുന്നില്ല എന്നുള്ളത്കൊണ്ടാണ്. ഇപ്പോൾ പറഞ്ഞ വര്ഷങ്ങളിലാണ് അടുപ്പിച്ച് ലീപ് സെക്കന്റ് ചേർക്കാതിരുന്നത്.ഇതല്ലാതെ ലീപ് സെക്കന്റ് ചേർക്കാതിരുന്ന വേറെയും വര്ഷങ്ങളുണ്ട്.അതുപോലെ 27 പ്രാവശ്യമാണ് ഇതുവരെ ലീപ് സെക്കന്റ് ചേർത്തിട്ടുള്ളത്. ഇങ്ങനെ ചേർക്കുന്നത് 6 മാസത്തെ ഇടവേളയ്‌ക്കുശേഷമാണ്.അതായത് സാധാരണയായി ജൂൺ മാസം അവസാനമോ അല്ലെങ്കിൽ ഡിസംബർ മാസം അവസാനമോ ആണ് ചേർക്കുന്നത്.
നമ്മൾ സമയങ്ങളുടെ വ്യത്യാസം എന്ന് പറയുമ്പോഴും ,ഭൂമി നേരത്തെ കറങ്ങിയെത്തി എന്ന് പറയുമ്പോഴും അവിടെയുള്ള സമയ വ്യത്യാസം വളരെ കുറവാണെന്നു മനസ്സിലാക്കണം (മില്ലി സെക്കന്റുകളുടെ വ്യത്യാസം മാത്രം.)
കൃത്യതക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും പല സന്ദര്ഭങ്ങളിലും ഇത് പ്രശ്നം വരുത്തുന്നുണ്ട്.ഉദാഹരണത്തിന് 2012 ൽ ലീപ് സെക്കന്റ് ചേർത്തപ്പോൾ റെഡിറ്റ് ,മോസില,തുടങ്ങിയ വെബുകളുടെ സെർവറിനു ചെറിയ തകരാറുകൾ സംഭവിച്ചിരുന്നു.
ഇനി മറ്റൊരു കാര്യം എന്തെന്നാൽ,ലീപ് സെക്കന്റ് ചേർക്കുന്നത് ഭൂമിയുടെ കറക്കം കൂടെ പരിഗണിച്ചാണെന്നു പറയുമ്പോൾ ,കറക്കത്തിന്റെ വേഗത കൂടി വരുന്നത് നമുക്ക് ദോഷമല്ലേ എന്നാണ് ഒരുകൂട്ടരുടെ സംശയം.എന്നാൽ ഭൂമിയുടെ കറക്കത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പല കാരണങ്ങളുണ്ട്.ഉദാഹരണത്തിന് ചന്ദ്രൻ,സൂര്യൻ തുടങ്ങിയവ ഭൂമിയിൽ ചെലുത്തുന്ന സ്വാധീനം (Tidal Force),ആഗോളതാപനം മൂലം ദ്രുവങ്ങളിലെ മഞ്ഞുപാളികൾ ഉരുകി ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിൽ ജലമായി കെട്ടിക്കിടക്കുക,തുടങ്ങിയ നിരവധി കാര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണ് ഭൂമിയുടെ കറക്കത്തിന്റെ വേഗത.അതുകൊണ്ട് ഇത്തരം പ്രതിഭാസങ്ങൾക്കനുസരിച്ച് വേഗത കൂടുകയും കുറയുകയും ചെയ്യുന്നു.എന്നാൽ പഠനങ്ങൾ വ്യക്തമാക്കുന്നത്,ഭൂമിയുടെ കറക്കത്തിൻറെ വേഗത ക്രമേണ കുറയുന്നു എന്നാണ്.കാരണം ഭൂമിയുണ്ടായ സമയത്ത് അതിന്റെ വേഗത വളരെ കൂടുതലായിരുന്നു ,കൂടാതെ ചന്ദ്രൻ ഇന്നുള്ളതിനേക്കൾ വളരെ അടുത്തും.പിന്നീട് ചന്ദ്രൻ അകന്നു പോവുകയും ,ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറഞ്ഞുവരികയുമാണ് ചെയ്തത്.ഇതിന്റെ കാരണം നമുക്ക് മറ്റൊരു ആർട്ടിക്കിളിൽ വിശദീകരിക്കാം.
Is the speed of the earth's rotation increasing?
2 Comments
Amazing 😍
ReplyDeletetnq😍
Delete